മുംബൈ: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന് ക്ഷാമം നേരിടുന്നതിനിടെ
വാക്സിന് കയറ്റുമതിയെ ന്യായീകരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാല.
2021 ജനുവരിയില്‍ കമ്പനിക്ക് ധാരാളം വാക്സിന് ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നു. ഈ സമയത്താണ് കയറ്റുമതി ചെയ്തതെന്ന് കോവിഷീല്‍ഡ് ഉല്പാദകരായ
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു.
ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു. അപ്പോള്‍ മറ്റ് രാജ്യങ്ങള്‍ രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കമ്പനി വാക്സിന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
ഇപ്പോള്‍ ഞങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുന്‍ഗണനയും നല്‍കിയിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന വാക്സിനേഷന് ഡ്രൈവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും പൂനെവാല പറഞ്ഞു. ലോകജനതക്ക് മുഴുവനും പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വരും.
ലോകത്തെ കോവിഡ് മുക്തമാക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഫാര്‍മ കമ്പനികള്‍ക്ക് 200 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യമെടുത്താല്‍ ലോകത്തില്‍ തന്നെ മൂന്നാമതാണ് കമ്പനിയെന്നും പൂനെവാല പറഞ്ഞു.
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനാവാല ഇന്ത്യ വിട്ടിരുന്നു. വാക്സിന് ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.
Discussion about this post