ലഖ്നൗ: ഭൂമിയിലേയ്ക്ക് ഒരുമിച്ച് പിറന്നുവീണ ഇരട്ടസഹോദരങ്ങള്‍ ലോകത്തോട് വിടപറഞ്ഞതും ഒരുമിച്ച്. അതും സമാനമായി കൊവിഡ് ബാധിച്ച് മുക്തി നേടിയതിന് പിന്നാലെ. കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍ മരണപ്പെട്ടത്. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് ഇവരുടെ ജനനം. മരിച്ചതാകട്ടെ ഒരു ദിവസത്തിന്റെ വ്യത്യാസത്തിലും.
ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രഡ് ജോര്‍ജ്ജ് ഗ്രിഗറി എന്നിവരാണ് കൊവിഡ് ബാധയെതുടര്‍ന്നുണ്ടായി ആരോഗ്യ പ്രതിസന്ധി മൂലം മരിച്ചത്. ഏപ്രില്‍ 24നാണ് ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെ മൂത്ത സഹോദരന് കൊവിഡ് ബാധിച്ചിരുന്നു. മെയ് 1ന് സഹോദരങ്ങള്‍ ആനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെയ് 10 നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
മീററ്റിലെ സെന്റ് തോമസ് സ്കൂള്‍ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കള്‍. മെയ് 13 ന് രാത്രി 11 മണിക്കാണ് ഇരട്ടകളിലൊന്നായ ജോഫ്രഡ് മരിച്ചതായി ഇവര്‍ക്ക് സന്ദേശമെത്തി. ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ട് എന്ന് ജോഫ്രഡ് ഇവരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മെയ് 14 ന് റാല്‍ഫ്രഡും മരണത്തിന് കീഴടങ്ങുകയായിരുന്നു. മീററ്റിലെ വീട്ടിലിരുന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നെങ്കിലും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഇരുപത്തിനാല് വയസായിരുന്നു ഇവര്‍ക്ക്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
Discussion about this post