അലഹബാദ് : കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീണ്ടും അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലെയും ചെറിയ ടൗണുകളിലെയും ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും ആളുകള്‍ അവശേഷിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ഏപ്രിലില്‍ മീററ്റിലുണ്ടായ സംഭവമാണ് പരാമര്‍ശത്തിനാധാരം. ഏപ്രിലില്‍ സന്തോഷ് കുമാര്‍ എന്ന രോഗി മീററ്റിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.വിശ്രമമുറിയില്‍ കുഴഞ്ഞ് വീണു മരിച്ച ഇദ്ദേഹത്തെ മൃതദേഹം തിരിച്ചറിയാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ അനാസ്ഥയായി സംഭവത്തെ നിരീക്ഷിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വെച്ച് കോവിഡ് മൂന്നാം തരംഗത്തെയും യുപി ഭയക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. മൂന്ന് ലക്ഷം പേര്‍ക്ക് മുപ്പത് ബെഡ് എന്ന നിലയിലാണ് സംസ്ഥാനത്ത് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും തകര്‍ന്നടിഞ്ഞതും ദുര്‍ബലവുമാണ് സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് മനസ്സിലായെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ വര്‍മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
നാല് മാസത്തിനുള്ളില്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അഞ്ച് മെഡിക്കല്‍ കോളേജുകള്‍ ( പ്രയാഗ് രാജ് , ആഗ്ര, കാണ്‍പൂര്‍, ഗൊരഖ്പൂര്‍, മീററ്റ് ) സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്താനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.