ലഖ്നൗ: സംസ്ഥാനത്തെ നിലവിലെ സ്ഥിതി നിയന്ത്രണാധീതമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡിന്റെ മൂന്നാം തരംഗം വന്നാലും അതിനെ നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് യോഗി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഇവിടെ ഒന്നും മറച്ചുവയ്ക്കുന്നില്ല.
എല്ലാം സുതാര്യമാണ്.കോവിഡ് പരിശോധന, മരണം, രോഗമുക്തി ഇതെല്ലാം ക്യത്യമായി സൈറ്റുകളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വാദത്തെ ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ നദിയോട് ചേര്‍ന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മുന്‍പ് യുപിയിലെ ഉന്നാവോയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
വേണ്ട വിധം സംസ്ക്കരിക്കാത്തതുകൊണ്ട് മണല്‍ മാറി അഴുകി തുടങ്ങിയ മൃതദേഹങ്ങളും ഇക്കൂട്ടത്തില്‍ കാണാം. ഇതില്‍ ആരൊക്കെ കോവിഡ് ബാധിച്ച് മരിച്ചതാണെന്ന കാര്യത്തിലും ആശങ്ക സംസ്ഥാനത്ത് കടുക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയും ചൂണ്ടിക്കാണിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ മൂടുന്ന മണല്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ പുറത്തുവരുന്നതായും ഈ മൃതദേഹ അവശിഷ്ടങ്ങള്‍ പക്ഷികളും നായ്ക്കളുടെ ഭക്ഷിക്കുന്നതായും നാട്ടുകാരും വെളിപ്പെടുത്തി. ഇത്തരത്തിലാണോ മൂന്നാം തരംഗത്തെയും നേരിടാന്‍ യുപി സജ്ജമാണെന്ന് വാദിക്കുന്നതെന്ന് സോഷ്യല്‍മീഡിയ രൂക്ഷഭാഷയില്‍ ചോദിക്കുന്നു.
Discussion about this post