അമരാവതി: കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ മാതൃകയായപ്പോള്‍ അതിനെയും മറികടന്ന് അമ്പരപ്പിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പഠനച്ചെലവ് ഏറ്റെടുക്കുന്നതിന് പകരം സര്‍ക്കാര്‍ വക അനാഥരായ കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നല്‍കാനാണ് തീരുമാനം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടത്. അനാഥരായി പോയ കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായിട്ടാണ് 10 ലക്ഷം രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.
കുട്ടിക്ക് 25 വയസ് ആകുന്നത് വരെ ബാങ്കില്‍ തന്നെ കിടക്കുന്ന പണത്തിന്റെ പലിശ കുട്ടികള്‍ക്ക് ലഭിക്കും. അഞ്ചു മുതല്‍ ആറു ശതമാനം വരെ പലിശ കുട്ടികള്‍ക്ക് ലഭിക്കുമെന്നാണ് വിവരം. ഇതുപയോഗിച്ച് കുട്ടികളുടെ പഠനം എളുപ്പത്തില്‍ നടത്താം. ബാങ്കുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി തയാറാക്കുന്നത്.