രണ്ടാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ വിദഗ്ധസമിതി അധ്യക്ഷൻ ഷാഹിദ് ജമീൽ രാജിവെച്ചു

dr shahid jameel

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ കോവിഡ് വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവെച്ചു. കോവിഡിന്റെ രണ്ടാംതരംഗത്തെ കുറിച്ച് ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. രൂക്ഷമാകാനിടയാക്കിയ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാർച്ച് ആദ്യവാരത്തിലാണ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ സർക്കാർ വേണ്ട ഗൗരവം നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് കോവിഡ് അതിരൂക്ഷമായി വ്യാപിച്ചതും മരണസംഖ്യ ഉൾപ്പടെ വർധിച്ചതും. മഹാമാരിയെ രാജ്യം കൈകാര്യം ചെയ്യുന്ന രീതിയിൽ പാളിച്ചകളുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ വിമർശനം നടത്തിയത്.

ഇന്ത്യൻ സാർസ്‌കോവ്2 ജീനോമിക്‌സ് കൺസോഷിയ (ഇൻസാകോഗ്) എന്ന കോവിഡ് വകഭേദങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കായി സർക്കാർ രൂപവത്കരിച്ച ഉപദേശകസമിതിയിൽനിന്ന് വെള്ളിയാഴ്ച രാജിവെച്ചന്ന വിവരം ഷാഹിദ് ജമീൽ തന്നെയാണ് അറിയിച്ചത്. രാജി ശരിയായ തീരുമാനമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജമീൽ എൻഡിടിവിയോട് പ്രതികരിച്ചു. രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം, മന്ദഗതിയിലുള്ള വാക്‌സിനേഷൻ, വാക്‌സിൻ ക്ഷാമം, ഇനിയും കാര്യക്ഷമമായ ആരോഗ്യപ്രവർത്തകരുടെ ആവശ്യം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ കോവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈയിൽ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ കോവിഡ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് 800ഓളം വിദഗ്ധർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ വിവരങ്ങളിലൂടെ പഠനം നടത്തി ഫലവത്തായ മാർഗങ്ങൾ നിർദേശിക്കാനും രോഗബാധയുടെ രീതി എങ്ങനെയാണെന്ന് പ്രവചിക്കാനും സാധിക്കും. എന്നാൽ അതിന് സർക്കാർ ശരിയായ പ്രതികരണമല്ല നൽകിയതെന്ന് ഷാഹിദ് ജമീൽ വെളിപ്പെടുത്തി.

Exit mobile version