ഹൈദരാബാദ്: ഒറ്റമുറി വീട്ടില്‍ ക്വാറന്റീനിലിരിക്കാന്‍ ഇടമില്ല, കോവിഡ് പോസിറ്റീവായ 18 കാരന്‍ ക്വാറന്റീനീലിരുന്നത് മരത്തിന് മുകളില്‍.
തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ നിന്നാണ് കോവിഡിന്റെ ദുരന്തചിത്രം വരുന്നത്. ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലെ 18 കാരനായ ശിവനാണ് ഈ ദുരവസ്ഥ.
ഹൈദരാബാദില്‍ ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ശിവന്‍. ഒരു മാസം മുമ്പ് നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശിവന്‍ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവന്‍ കോവിഡ് പോസിറ്റീവുമായി. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
ഒറ്റമുറി ഉള്ള വീട്ടില്‍ ക്വാറന്റീനില്‍ പോകാന്‍ ഇടമില്ല. അഞ്ച് പേര്‍ക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം ‘കോവിഡ് വാര്‍ഡ്’ ആക്കാന്‍ പ്രേരിപ്പിച്ചത്.
മുളകള്‍ കൊണ്ടാണ് മരമുകളില്‍ ശിവന്‍ കോവിഡ് വാര്‍ഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച് കഴിഞ്ഞ 11 ദിവസവും ശിവന്‍ അവിടെയാണ് താമസിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികള്‍ ആരും മിണ്ടാന്‍ പോലും തയാറായില്ല. ആരും വീടുകളില്‍ നിന്ന് പുറത്തു പോലും വന്നില്ല ശിവന്‍ പറഞ്ഞു.
മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടില്‍ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ശിവന്‍ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകല്‍ ഏറുമാടത്തില്‍ കിടന്ന് ഉറങ്ങുകയോ മൊബൈല്‍ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.