ന്യൂഡല്‍ഹി: ഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ ബി 1.617, ബി 1.1.7 കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്.
കോവാക്സിന് ഉപയോഗിച്ചു നടത്തിയ എല്ലാ പരീക്ഷണങ്ങളിലും പ്രധാനവകഭേദങ്ങള്ക്കെതിരെ വാക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയതായി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 വകഭേദത്തിനെതിരെ കോവാക്സിന് ഫലപ്രദമാണെന്ന് നേരത്തെ വൈറ്റ്ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു.
ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തത്. ജനുവരി മൂന്നിന് രാജ്യത്ത് കോവാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ഇതുവരെ 18,22,20,164 ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ മൂന്ന് വാക്സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് വി എന്നിവയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post