ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ഗുരുതര കോവിഡ് രോഗികളിൽ നടത്തുന്ന പ്ലാസ്മാ ചികിത്സ പിൻവലിക്കാൻ സാധ്യത. കോവിഡിന് ‘പ്ലാസ്മാ തെറാപ്പി’ ഫലപ്രദമല്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐസിഎംആറിന്റെ വിദഗ്ധസമിതി വിലയിരുത്തി.
ഇക്കാരണത്താൽ തന്നെ നിലവിലെ ചികിത്സാപദ്ധതിയിൽനിന്ന് പ്ലാസ്മാ തെറാപ്പി പിൻവലിച്ചേക്കും. പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന.
അശാസ്ത്രീയവും യുക്തിരഹിതവുമാണ് പ്ലാസ്മാ തെറാപ്പിയെന്ന് മുമ്പ് തന്നെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവനും ഐസിഎംആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു.
Discussion about this post