ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തവര്‍ പോലും മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നുമാണ് യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വാക്‌സിനെടുത്തവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ച് വൈറസ് മ്യൂട്ടേഷന്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നത്.
”കൂടുതല്‍ ഡാറ്റ ലഭിക്കുന്നത് വരെ ജാഗ്രത പാലിക്കല്‍ തുടരേണ്ടതുണ്ട് എന്നാണ് കരുതുന്നത്. വൈറസ് അതിബുദ്ധിമാനാണ്, അതിന് പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളില്‍ നിന്ന് വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനാകില്ല. മാസ്‌ക് ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസിന്റെ ഏത് വകഭേദമായാലും അവ രണ്ടും പാലിച്ചാല്‍ സംരക്ഷണം ലഭിക്കും”. -ഡോ. ഗുലേറിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിനെടുത്തവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ തല്‍ക്കാലത്തേക്ക് പരിഷ്‌കരിക്കാനുള്ള പദ്ധതിയില്ലെന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ”ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അത്തരമൊരു റിസ്‌ക് എടുക്കാനാവില്ല, കുറച്ചുപേര്‍ക്ക് മാത്രമായിരുന്നുവെങ്കിലും വാക്‌സിന്‍ എടുത്തവരിലും അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്‌കുകള്‍ ഒഴിവാക്കാന്‍ തല്‍ക്കാലത്തേക്ക് അനുവാദം നല്‍കാന്‍ കഴിയില്ല”. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും, അമേരിക്കയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള സര്‍ക്കാറിന്റെ ലക്ഷ്യവുമായാണ് സിഡിസിയുടെ വാഗ്ദാനങ്ങളെ വിദഗ്ധര്‍ ബന്ധപ്പെടുത്തുന്നത്. യുഎസിലുടനീളം നിലനില്‍ക്കുന്ന വാക്സിന്‍ വിരുദ്ധതയും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.