കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണം; നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

പരിശോധനകള്‍ വര്‍ധിപ്പിക്കുക, ഗ്രാമീണ മേഖലകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുക, മെഡിക്കല്‍ സാമഗ്രികള്‍ ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പ്രകാരം സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്കായി 50000 വെന്റിലേറ്ററുകള്‍ക്കായി 2000 കോടി രൂപയാണ് പിഎം കെയര്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്നത്.

പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള ധനസഹായത്തോടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സാങ്കേതിക പിഴവുകളുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു.

ചില ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത് പ്രധാനമന്ത്രി ഗൗരവത്തോടെയെടുക്കുന്നുണ്ടെന്നും അവശ്യമെങ്കില്‍ വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രാദേശിക കണ്ടെയ്ന്റ്മെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമ പ്രദേശങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന രകീതി വ്യാപിപ്പിക്കണമെന്നും കൊവിഡ് രോഗബാധയും മരണങ്ങളും സംബന്ധിച്ചുള്ള കണക്കുകള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

പിഎം കെയര്‍ ഫണ്ട് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നെന്ന് പഞ്ചാബും രാജസ്ഥാനും മഹാരാഷ്ട്രയും വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമാണെന്നും സ്ഥലം മുടക്കികളാണെന്നും
മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞിരുന്നു.

Exit mobile version