ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കണം: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജീരിയയിലേത്; കങ്കണ റണാവത്ത്

മുംബൈ: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. കോവിഡ് സമയത്ത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണിതെന്നും കങ്കണ പറഞ്ഞു.

ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു.

‘ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതുപോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു,’ കങ്കണ പറഞ്ഞു.

ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ?, കങ്കണ ചോദിച്ചു.

അതുകൊണ്ട് ഇസ്രായേലിലെ പോലെ ഇന്ത്യയിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്നും കങ്കണ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.

ട്വിറ്റര്‍ വിലക്കിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായങ്ങള്‍ പറയുന്നത്.

Exit mobile version