ന്യൂഡൽഹി: മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് കേസുകളിലും നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 4000 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2,40,46,809 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,00,79,599 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേർ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 2,62,317 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 42,582 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
രാജ്യത്തുടനീളം 17,92,98,584 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 31,13,24,100 പേരുടെ സാമ്പിൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 18,75,515 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post