ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി നടന്‍ അനുപം ഖേര്‍. മോഡി സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കാറുള്ള താരമാണ് അനുപം ഖേര്‍. ആദ്യമായാണ് സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നവെന്നും അനുപം ഖേര്‍ ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിമര്‍ശനം.
അനുപം ഖേറിന്റെ വാക്കുകള്‍;
രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച സംഭവിച്ചു. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയേണ്ട സമയമാണിത്. പ്രതിസന്ധിക്കിടെ സമൂഹത്തില്‍ ഉയരുന്ന പരസ്യ വിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണ്.
രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളു. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മറ്റുപാര്‍ട്ടികള്‍ ഇവ ഉപയോഗിക്കുന്നത് ശരിയല്ല.