ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിൻ ക്ഷാമത്തേയും ഓക്‌സിജൻ ദൗർലഭ്യത്തേയും വിമർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് രാഹുൽ വിമർശിച്ചു. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുൽ പറഞ്ഞു.
ഇതിനിടെ, കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ഒമ്പത് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പ്രതിപക്ഷ പാർട്ടികൾ കത്ത് നൽകി. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാർട്ടികളിലെ മുതിർന്ന നേതാക്കളാണ് റിപ്പോർട്ട് ചെയ്തത്.
സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കുക, കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുക തുടങ്ങിയ ഒമ്പത് നിർദേശങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മായാവതിയുടെ ബിഎസ്പി, ആംആദ്മി പാർട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
‘കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം പരിഗണിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ നിരവധി കാര്യങ്ങൾ ഞങ്ങൾ ഒറ്റയ്ക്കും കൂട്ടമായും നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇതെല്ലാം കേന്ദ്രം അവഗണിച്ചു. ഇതാണ് മനുഷ്യനിർമിതമായ ഇത്രയും വലിയ ഒരു ദുരന്തത്തിന് കാരണമായത്,’ കത്തിൽ പറയുന്നു.