കൊൽക്കത്ത: പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് വന്നാൽ തോൽക്കുമെന്ന് ഭയന്ന് പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി എംഎഎൽമാർ രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട് 15 ദിവസം തികയും മുമ്പെയാണ് രാജി. നിയമസഭയിലേക്ക് ജയിച്ച സിറ്റിങ് എംപിമാരായ രണ്ട് നേതാക്കളാണ് പാർട്ടി നിർദേശപ്രകാരം രാജിവച്ചത്. നിഷിത് പ്രമാണിക്കും ജഗന്നാഥ് സർക്കാരുമാണ് രാജിവെച്ചത്. ഇതോടെ ബിജെപിയുടെ ബംഗാൾ നിയമസഭയിലെ അംഗബലം 75 ആയി ചുരുങ്ങി. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ സ്പീക്കർക്ക് രാജി സമർപ്പിച്ചത്.
സംസ്ഥാന ഭരണം കിട്ടാതെ വരികയും ഇവർ എംപി സ്ഥാനം രാജിവെച്ചാൽ സംഭവിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുമാണ് പാർട്ടി തീരുമാനത്തിന് പിന്നിൽ.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി രംഗത്തിറക്കിയ അഞ്ച് ബിജെപി എംപിമാരിൽ പ്രമുഖരായിരുന്നു നിഷിത് പ്രമാണിക്കും ജഗന്നാഥ് സർക്കാരും. ദിലീപ് ഘോഷിനും മുകുൾ റോയിക്കും പുറമെ ഇവരെ കൂടി മുൻനിർത്തി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.
‘ബംഗാളിലെ ഫലങ്ങൾ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സുപ്രധാന പദവി ലഭിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല. അതിനാൽ എംപിമാരായി തുടരുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഞങ്ങൾ രാജിനൽകുന്നതെന്ന് രണഘട്ടിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാർ പറഞ്ഞു. നാദിയ ജില്ലയിലെ സാന്റിപുർ നിയമസഭാ സീറ്റിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.
എംപിമാരെന്ന നിലയിൽ, നിഷിത് പ്രമാണിക്കിനും ജഗന്നാഥ് സർക്കാരിനും കേന്ദ്ര സുരക്ഷ പരിരക്ഷയുണ്ട്. ബിജെപിയുടെ നന്ദിഗ്രാം എംഎൽഎയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ട്.
അതേസമയം, ബിജെപിയുടെ നടപടിയെ തൃണമൂൽ പരിഹസിച്ചു. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്ത് എല്ലാ ബിജെപി എംഎൽഎമാർക്കും സംരക്ഷണം നൽകാനുള്ള കേന്ദ്ര തീരുമാനത്തെയും തൃണമൂൽ കുറ്റപ്പെടുത്തി.
Discussion about this post