കൊല്‍ക്കത്ത: കോവിഡ് അതിരൂക്ഷമായിരിക്കെ അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
വാക്സിന്‍ പരമാവധി വേഗത്തില്‍ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് വാക്സിന്‍ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്സിന്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല. ബംഗാളില്‍ മാത്രം പത്ത് കോടി ആളുകള്‍ക്ക് വാക്സിന്‍ ആവശ്യമാണ്. രാജ്യത്തെ പൊതുആവശ്യം ഇതിലും എത്രയോ മടങ്ങാണ്.
ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന്‍ ലഭ്യമായത്. ആഗോള ആവശ്യം കണക്കിലെടുത്ത് നിരവധി കമ്പനികള്‍ ലോകവ്യാപകമായി വാക്സിന്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധരുടെ സഹായത്തോടെ മികച്ച കമ്പനികളെ കണ്ടെത്താന്‍ സാധിക്കും.
ഇവരില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി കൂടുതല്‍ വാക്സിനും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.