ന്യൂഡൽഹി: കോവിഡ് വാക്‌സിന് രാജ്യം കടുത്ത ക്ഷാമം നേരിടുന്നതിനിടെ വാക്‌സിൻ കമ്പനിയുടെ പക്ഷപാത നടപടിയും വിവാദമാകുന്നു. ഭാരത് ബയോടെക് നിർമ്മിക്കുന്ന കൊവാക്‌സിൻ കേരളത്തിന് ഉടനെ ലഭിക്കില്ലെന്ന് ഉറപ്പായി. കൊവാക്‌സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങൾക്കാണ് മേയ് ഒന്ന് മുതൽ ഭാരത് ബയോടെക് കൊവാക്‌സിൻ നേരിട്ട് നൽകുന്നത്.
നേരത്തെ കമ്പനി ആദ്യം പുറത്തിറക്കിയ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്ര നയം അനുസരിച്ചാണ് വാക്‌സിൻ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയിൽ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കമ്പനിയുമായി ചർച്ച തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സിൻ വിതരണം ചെയ്യുന്നത്.
കൊവിഡ് വാക്‌സിൻ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനും പല സംസ്ഥാനങ്ങളും നടപടി തുടങ്ങിയിട്ടുണ്ട്. കർണാടകയാണ് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. നേരത്തെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ വാക്‌സിൻ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു.
ഇതിനിടെ രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുമ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞ വിദേശ രാജ്യങ്ങളിലേക്കായിരുന്നു കേന്ദ്ര സർക്കാർ വാക്‌സിൻ കയറ്റിയയച്ചിരുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ വിവാദമാവുകയാണ്.