ഭോപ്പാല്‍: നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തിയാല്‍ രാജ്യത്ത് പിടിമുറുക്കിയ കൊറോണയെ പമ്പകടത്താമെന്ന അശാസ്ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. രാജ്യത്ത് കൊവിഡ് മഹമാരി ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ മണിക്കൂറുകളില്‍ എടുക്കുന്ന വേളയിലാണ് മന്ത്രിയുടെ പുതിയ വാദം.
‘നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താല്‍ പിന്നെ കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും,’ ഉഷ താക്കൂര്‍ പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരം വിവാദ പരാമര്‍ശവുമായി ഉഷ താക്കൂര്‍ രംഗത്തെത്തുന്നത്. മുമ്പ് കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തിയയാളാണ് ഉഷ താക്കൂര്‍. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ നടത്തിയത്. അന്നും വിവാദത്തിലേയ്ക്ക് കൂപ്പു കുത്തിയ ആളാണ് ഉഷ താക്കൂര്‍. പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.