പനജി: ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച നാല് മണിക്കൂറിനിടെ 26 കൊവിഡ് രോഗികള്‍ മരിച്ചു. പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലാണ് 26പേരും മരണത്തിന് കീഴടങ്ങിയത്. ഓക്‌സജിന്‍ ലഭിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. അതേസമയം, എല്ലാവരുടെയും മരണത്തിനുള്ള കാരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മരണം സ്ഥിരീകരിച്ച ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സംഭവം ഹൈക്കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തെക്കുറിച്ച് ധവളപത്രമിറക്കണമെന്നും ആരോഗ്യമന്ത്രി റാണെ ആവശ്യപ്പെട്ടു. അതേസമയം, ഓക്‌സിജന്‍ ലഭിക്കാഞ്ഞതാണ് മരണകാരണത്തിന് ഇടയാക്കിയതെന്ന ആരോപണം ആരോഗ്യമന്ത്രിയോ, ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്തോ സമ്മതിച്ചില്ല.
എന്നാല്‍, കോവിഡ് വാര്‍ഡുകളിലെ ഓക്‌സിജന്‍ വിതരണത്തിലെ അപാകം കാരണം രോഗികള്‍ക്ക് പ്രായസമുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത് ആരോപിച്ചു. രോഗികള്‍ക്ക് ഓക്‌സിജന്‍ സമയത്ത് ലഭ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സംവിധാനമുണ്ടാക്കുന്നതിനായി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.