ഹരിയാണ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ ആശങ്കയിലാക്കിയതിനിടെ ഹരിയാണയിൽ അജ്ഞാതജ്വരം ബാധിച്ച് 28 പേർ മരിച്ചതായി റിപ്പോർട്ട്. ഹരിയാണയിലെ റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്. സംഭവത്തിന് പിന്നാലെ ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. പക്ഷെ 40 പേർ മരിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. അജ്ഞാതജ്വരമെന്നാണ് പ്രദേശവാസികളുടെ ആരോപണമെങ്കിലും കോവിഡ് ആകാം മരണഹേതു എന്ന നിഗമനത്തിലാണ് പോലീസും ആരോഗ്യപ്രവർത്തകരും. മരണത്തിന്റെ യഥാർഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
മുൻകരുതലെന്ന നിലയിൽ ഇവിടെ കോവിഡ് ചികിത്സാകേന്ദ്രങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നുണ്ട്. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കോവിഡ് പരിശോധന നടത്തിയ 746 പേരിൽ 159 പേരും കോവിഡ് പോസിറ്റീവാണ്.
പരിശോധിച്ചവരിൽ 25 ശതമാനം പേരും കോവിഡ് പോസിറ്റീവായതിനാൽ തന്നെ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്നി പ്രതികരിച്ചു.
Discussion about this post