കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. പോലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കേസ് ഒത്തു തീര്‍പ്പാക്കാന്‍ പോലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ ഇരുവരുടെയും വിവാഹം തീരുമാനിക്കുകയായിരുന്നു. രാംഗഞ്ച് പോലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഒരു മാസം മുമ്പാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷന്‍ പ്രകാരമായിരുന്നു പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി. പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.