ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായും പ്രതിരോധശേഷി കൂട്ടുമെന്ന നിലയിലും ചാണകം ഉപയോഗിക്കാമെന്ന പ്രചാരണത്തിനെതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്ത്.
ഇത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്നും തെറ്റിദ്ധാരണയെ ഉണ്ടാക്കുകയുള്ളൂവെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നു. വാര്‍ത്താ ഏജന്‍സി ആയ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷണല്‍ പ്രസിഡന്റ് ഡോക്ടര്‍ ജെഎ ജയലാല്‍ വ്യക്തമാക്കുന്നു. ഇത്തരം അശാസ്ത്രീയ രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ആശുപത്രികളിലും മറ്റും കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്.
ഗുജറാത്തും യുപിയും അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ ചികിത്സാ രീതികള്‍ ജനങ്ങള്‍ പരീക്ഷിക്കുന്നത്. ജനപ്രതിനിധികളടക്കം ഇത്തരം അടിസ്ഥാനരഹിതമായ ചികിത്സാ രീതിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഉത്തര്‍പ്രദേശിലെ ബേരിയല്ലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് കഴിഞ്ഞ ദിവസം ഗോമൂത്രം കുടിച്ചാല്‍ കോവിഡ് വരില്ലെന്ന പ്രസ്താവന നടത്തിയത്. ദിവസവും ഒഴിഞ്ഞ വയറില്‍ ഗോമൂത്രം കുടിച്ചാല്‍ ഉറപ്പായും കോവിഡ് വരില്ലെന്നായിരുന്നു ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ വാദം. ഗോമൂത്രം എങ്ങനെ കുടിക്കാമെന്ന വീഡിയോയും എംഎല്‍എ പുറത്തിറക്കിയിരുന്നു.
Discussion about this post