ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധയും മനുഷ്യരുടെ ജീവന്‍ എടുത്തേയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിവയടങ്ങിയ മാര്‍ഗനിര്‍ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഇതുബാധിച്ച് എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായും വിവരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയത്.
കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐസിയു വാസം അനുഭവിച്ചവരിലുമാണ് കൂടുതലായും ഫംഗസ് ബാധ കണ്ടുവരുന്നത്. കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളില്‍ രോഗം പിടിപെടാന്‍ കാരണമാകുന്നത്.
കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അതേസമയം, പ്രമേഹരോഗികളായ കോവിഡ് ബാധിതരില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയവയാണ് മ്യൂക്കോര്‍മൈക്കോസിസ് ലക്ഷണങ്ങള്‍.
രോഗം തടയാനായി, കോവിഡ് മുക്തമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകള്‍ കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് മാത്രം നല്‍കുക, ഓക്സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്സും ആന്റി ഫംഗല്‍ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുകയെന്ന് കേന്ദ്രം നിര്‍ദേശം നല്‍കുന്നുണ്ട്.