ബെംഗളുരു : കോവിഡ് മരണങ്ങളുടെ വര്‍ധനവില്‍ ശ്മശാനങ്ങള്‍ നിറഞ്ഞതോടെ കരിങ്കല്‍ ക്വാറിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ബെംഗളുരു. കോവിഡ്ബാധിതരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ ശ്മശാനം ഒരുക്കുകയായിരുന്നു.
പതിനഞ്ച് മൃതദേഹങ്ങള്‍ ഒരേ സമയം ദഹിപ്പിക്കാവുന്ന താല്ക്കാലിക ശ്മശാനമാണ് ഒരുക്കിയതെന്ന് ബെംഗളുരു അര്‍ബന്‍ ജില്ല കമ്മിഷണര്‍ മഞ്ചുനാഥ് പറഞ്ഞു.ഗെദനഹള്ളിയിലാണ് താല്ക്കാലിക ശ്മശാനം. പ്രധാനമായും ഏഴ് ശ്മശാനങ്ങളാണ് ബെംഗളുരുവില്‍ ഉള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകള്‍ കാത്ത് കെട്ടി കിടന്നതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത്.
ശ്മശാനങ്ങള്‍ നിറഞ്ഞതോടെ തേവരെകരെയിലെ മേഖലയിലെ ഉപയോഗിക്കാതെ കിടന്നിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കി. മൂന്നാഴ്ചയായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുകയാണ് ശ്മശാനങ്ങളെല്ലാം. ശ്മശാനം നിയന്ത്രിക്കുന്നിന് വോളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്. താല്ക്കാലിക ശ്മശാനങ്ങളില്‍ ജോലി ചെയ്യുന്ന പലരും മുന്‍പരിചയമില്ലാത്തവരാണ്. ഞായറാഴ്ച കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 490 കോവിഡ് മരണങ്ങളില്‍ 281ഉം ബെംഗളുരുവില്‍ നിന്നായിരുന്നു.