മൈസൂരു: മൈസൂരിവില്‍ സര്‍ക്കാര്‍ കീഴിലുള്ള വനിതാ ഹോസ്റ്റലില്‍ വന്‍ അഗ്നിബാധ. 48 വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു. 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മൈസൂരു ചാമരാജ് നഗറിന് സമീപം വൊണ്ടികൊപ്പാളിലെ വനിതാ ഹോസ്റ്റലിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. യുപിഎസ് ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് ശനിയാഴ്ച രാത്രി അഗ്നിബാധയുണ്ടായത്.
മൂന്ന് നിലകളിലായി 270 പേരാണ് ഇവിടെ താമസിക്കുന്നത്. 12 പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 200 പേര്‍ക്ക് സൗകര്യമുള്ള ഹോസ്റ്റലില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം വൈദ്യുതിയില്ലായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറഞ്ഞിരുന്നതായി ഹോസ്റ്റല്‍ വാര്ഡന് കാമാക്ഷി പറഞ്ഞിരുന്നു.
ഇതിനെത്തുടര്‍ന്ന് ലൈന്മാന് എത്തി രാത്രിയ്ക്ക് മുമ്പായി പ്രശ്നങ്ങള്‍ പരിഹരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ഈ ഹോസ്റ്റലില്‍ അഗ്നിബാധയുണ്ടാകുന്നത്.
കഴിഞ്ഞയാഴ്ച പാചകവാതക സിലിണ്ടറില്‍ നിന്നുണ്ടായ വാതകചോര്‍ച്ചയെത്തുടര്‍ന്ന് അഗ്നിബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
Discussion about this post