ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ ജനങ്ങൾ കഷ്ടപ്പെടുന്നത് മോഡി സർക്കാരിന്റെ വീഴ്ച കാരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ മോഡി പരാജയമായിരുന്നുവെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുന്നതിന് ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോഡി സർക്കാർ മൂന്നാം ഘട്ടത്തിൽ വാക്‌സിനുകൾ വാങ്ങുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും സോണിയ അഭിപ്രായപ്പെട്ടു.
‘ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാൽ വിഭവങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു. എല്ലാ തരത്തിലുള്ള ആശയവിനിമയവും ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. അവയോടൊന്നും സർക്കാർ അർത്ഥവത്തായ രീതിയിലല്ല പ്രതികരിച്ചത്. സ്വയം ഉത്തരം കണ്ടെത്തുമെന്ന പോലെയാണ് സർക്കാർ പെരുമാറിയത്’- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയും എഴുതിയ കത്തുകളെ പരാമർശിച്ച് സോണിയ പറഞ്ഞു.
‘ഇത് സർക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ ശാന്തവും കഴിവുറ്റതും ദീർഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോഡി സർക്കാരിന്റെ നിസ്സംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സേവനത്തിലൂടെ സ്വയം സമർപ്പിക്കേണ്ട സമയമാണ്,” സോണിയ ഗാന്ധി പറഞ്ഞു.
Discussion about this post