മദ്യം കിട്ടിയില്ല, പകരം ഹോമിയോപ്പതി മരുന്ന് കഴിച്ചു; മരണപ്പെട്ടത് ഒമ്പത് പേരും, കുടിച്ചത് 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി സിറപ്പ്

ബിലാസ്പുര്‍: മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്പത് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. മരുന്ന് കഴിച്ച ആറ് പേര്‍ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ തുടരുകയാണ്. കോര്‍മി ഗ്രാമത്തില്‍ നിന്നാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിലാസ്പൂര്‍ എസ്പി പ്രശാന്ത് അഗ്രവ അറിയിച്ചു.

മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി സിറപ്പാണ് ഇവര്‍ കഴിച്ചത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഒന്‍പത് പേരില്‍ നാലുപേര്‍ ചൊവ്വാഴ്ച രാത്രി വീടുകളില്‍ വെച്ചാണ് മരിച്ചത്. കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സാമ്രു ധൂരി (25) എന്നിവര്‍ മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയുകയായിരുന്നു. കോവിഡ് മൂലമാണ് മരിച്ചതെന്ന് സംശയിച്ച കുടുംബങ്ങള്‍ പിറ്റേന്ന് രാവിലെ അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്തു.

പിന്നാലെ ഇതേ മരുന്ന് കഴിച്ച ഗ്രാമത്തിലെ മറ്റൊരാള്‍ ബുധനാഴ്ച രാവിലെ മരത്തിന് കീഴടങ്ങുകയായിരുന്നു. മരണങ്ങളെക്കുറിച്ചറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും മരുന്ന് കഴിച്ച മറ്റുള്ളവരെ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് പേര്‍ ബുധനാഴ്ച രാത്രിയോടെ ആശുപത്രികളില്‍വെച്ചാണ് മരണമടഞ്ഞത്. ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍വെച്ച് വ്യാഴാഴ്ച രാവിലെയാണ് മറ്റൊരാള്‍ മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

Exit mobile version