ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിര്‍മ്മാണ കമ്പനികളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ കമ്പനികളും

ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍. ഇവ നാലും രാജ്യത്തെ പൊതുമേഖല ആയുധ നിര്‍മ്മാണ കമ്പനികളാണ്

ന്യൂ ഡല്‍ഹി: സ്റ്റോക്‌ഹോം ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സിപ്രി (എസ്‌ഐപിആര്‍ഐ) പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ 100 ആയുധ നിര്‍മ്മാണ കമ്പനികളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍. ഇവ നാലും രാജ്യത്തെ പൊതുമേഖല ആയുധ നിര്‍മ്മാണ കമ്പനികളാണ്.

2017 ല്‍ നാല് കമ്പനികളുടെയും കൂടി വില്‍പ്പന 752 കോടി ഡോളറിലെത്തിയതായും സിപ്രിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 6.1 ശതമാനം വളര്‍ച്ചയാണ് 2017 ല്‍ ഇന്ത്യന്‍ കമ്പനികള്‍ കൈവരിച്ചത്. അന്താരാഷ്ട്ര തലത്തിലെ മുന്‍നിരയിലുളള 100 ആയുധ നിര്‍മ്മാണ സൈനിക സേവന കമ്പനികളുടെ ചൈന ഒഴികെയുളള മൊത്തം വില്‍പ്പന 39,820 കോടി ഡോളറിലേക്ക് വളര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

2016 നെ അപേക്ഷിച്ച് 2.2 ശതമാനം വളര്‍ച്ചയാണ് ആയുധ നിര്‍മ്മാണ കമ്പനികള്‍ നേടിയത്. ഇന്ത്യയില്‍ നിന്നുളള കമ്പനികളില്‍ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറികളാണ് ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നത്. റിപ്പോര്‍ട്ടിന്റെ ഭാഗമായ പട്ടികയില്‍ 37 -ാം സ്ഥാനമാണ് ഓര്‍ഡനന്‍സ് ഫാക്ടറികള്‍ക്ക്. 38 -ാം സ്ഥാനവുമായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനാണ് ഇന്ത്യയില്‍ നിന്നുളള രണ്ടാമത്തെ കമ്പനി. ഈ വര്‍ഷം 8.5 ശതമാനം വളര്‍ച്ച കൈവരിച്ചാണ് ഓര്‍ഡനന്‍സ് ഫാക്ടറികള്‍ 37 സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍, മുന്‍ വര്‍ഷം 37-ാം സ്ഥാനമുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ഇപ്രാവശ്യം 38-ാം സ്ഥാനത്തേക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 0.9 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്കുണ്ടായത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുളള വില്‍പ്പന ഇടിവുണ്ടായ ഏക കമ്പനിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ്.

പട്ടികയില്‍ 64 -ാം സ്ഥാനമാണ് ഭാരത് ഇലക്ട്രോണിക്‌സ് നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. മുന്‍ വര്‍ഷം 106 -ാം സ്ഥാനത്തുണ്ടായിരുന്ന ഭാരത് ഡൈനാമിക്‌സ് ഇക്കുറി 94-ാം സ്ഥാനത്തേക്ക് മുന്നേറി. 13 ശതമാനമാണ് വില്‍പ്പനയിലുണ്ടായ വാര്‍ഷിക വളര്‍ച്ച.

Exit mobile version