ചിക്കമംഗളൂരു: കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ (45) കോവിഡ് മൂലം മരണപ്പെട്ടത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വേദയുടെ മുൻ പരിശീലകനായ ഇർഫാൻ സെയ്താണ് വേദയുടെ സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന വത്സല ശിവകുമാറിനെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഏപ്രിൽ 24ാം തീയതിയാണ് വേദയുടെ അമ്മ ചെലുവംബ ദേവി കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനു പിന്നാലെ സഹോദരിക്കും കോവിഡ് ബാധിച്ചുവെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും വേദ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു.
തന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് വേദ സഹോദരിക്ക് കോവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയിരുന്നത്.
Discussion about this post