ന്യൂഡൽഹി: ഡൽഹിയിലെ സ്റ്റേഡിയത്തിന് സമീപമുണ്ടായ സംഘട്ടനത്തിൽ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിൽ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാർ അടക്കമുള്ളവർക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്. ഡൽഹി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച അർധരാത്രിയോടെ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായെന്നാണ് പോലീസ് റിപ്പോർട്ട്.
സംഘർഷത്തിൽ പരിക്കേറ്റ് സാഗർ(23) എന്ന ഗുസ്തി താരം മരിക്കുകയും ചെയ്തു. ഈ കേസിലാണ് പോലീസ് നടപടി. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അമിത്കുമാർ, സോനു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവസമയത്ത് സുശീൽകുമാറും സ്ഥലത്തുണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സ്റ്റേഡിയത്തിനുള്ളിൽനിന്ന് വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്നാണ് മോഡൽ ടൗൺ പോലീസ് സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് പരിക്കേറ്റവരെ കണ്ടെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സാഗർ മരണത്തിന് കീഴടങ്ങി.
സുശീൽകുമാർ, അജയ്, സോനു, സാഗർ, അമിത് എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവയിൽ സ്കോർപിയോ കാറിൽനിന്ന് ഒരു ഡബിൾ ബാരൽ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ മറ്റുള്ളവരെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസ് ദലാൽ എന്ന യുവാവിനെ തോക്ക് സഹിതം പോലീസ് പിടികൂടിയിട്ടുണ്ട്.
വസ്തുതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ചില ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സംഭവത്തിൽ സുശീൽകുമാറിനുള്ള പങ്ക് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post