കർഫ്യൂ ലംഘിച്ചതിന് 503 പേരെ ജയിലിലടച്ചു; വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു; അനാവശ്യമായി ആരു പുറത്തിറങ്ങിയാലും ജയിൽ ഉറപ്പെന്ന് ഇൻഡോർ പോലീസ്

ഇൻഡോർ: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ മധ്യപ്രദേശിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ കർശ്ശനമാക്കുന്നു. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് ഇൻഡോർ പോലീസ് സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 503 പേരെ കർഫ്യൂ ലംഘനത്തിന്റെ പേരിൽ ജയിലിലടച്ചു. കാർ ഷോറൂം ഉൾപ്പെടെയുള്ള ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അധികൃതർ പൂട്ടിച്ചു. നഗരത്തിൽ ഇനിയും പരിശോധനകൾ ശക്തമാക്കുമെന്നും കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഇൻഡോറിലെ പടിഞ്ഞാറൻ മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനാവശ്യമായി നിരത്തിലിറങ്ങിയ 250 പേരെ പിടികൂടിയത്. കിഴക്കൻ മേഖലയിൽ 253 പേരും പിടിയിലായി. മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ കഴിയാത്തവരെയാണ് പിടികൂടിയതെന്നും ഇവരെ താത്കാലിക ജയിലിലേക്ക് മാറ്റിയതായും എസ്പി മഹേഷ് ചന്ദ് പറഞ്ഞു.

കർഫ്യൂ കാലയളവിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് എസ്പി നൽകുന്ന മുന്നറിയിപ്പ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുന്ന പോലീസ് വാഹനങ്ങളുടെ കാറ്റഴിച്ചു വിടുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം ഇരുന്നൂറോളം വാഹന യാത്രക്കാർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതിനിടെ, നഗരത്തിൽ കർഫ്യൂ ലംഘിച്ച് അനുവദിച്ച സമയത്തിൽ കൂടുതൽ പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങളെല്ലാം അധികൃതർ പൂട്ടിച്ചു.

Exit mobile version