ഉത്തര്‍പ്രദേശ്: വരന് 2 ന്റെ ഗുണനപ്പട്ടിക അറിയാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ വധു, വരണമാല്യവുമായി അടുത്തെത്തിയ യുവാവിനോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വരന് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറ്റിയില്ല. വരന് കണക്കിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ലെന്ന് മനസ്സിലായ വധു വിവാഹം വേണ്ടായെന്ന് പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വിവാഹം മുടങ്ങിയതോടെ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങള്‍ തിരികെ നല്‍കിയാണ് പ്രശ്‌നം പോലീസ് ഒത്തുതീര്‍പ്പാക്കിയത്.
വരന്‍ നിരക്ഷരനാണെന്ന് മറച്ച് വച്ചാണ് കല്യാണം നടത്താന്‍ ശ്രമിച്ചത് എന്നാണ് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത്. അതേസമയം വധുവിന്റെ തീരുമാനത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post