ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തുടരുന്ന ഓക്സജിന്‍ ക്ഷാമത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് കോടതി വ്യക്തമാക്കി. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മയും ജസ്റ്റിസ് അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഓക്സിജന്‍ ക്ഷാമത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം കൊവിഡ് രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് വേദനിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
നമ്മുടെ ശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന അവസ്ഥയില്‍ എങ്ങനെയാണ് നമ്മുടെ മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുമെന്നും കോടതി ചോദിക്കുന്നു. അതേസമയം, യുപിയില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവര്‍ത്തിച്ച് പറയുന്നു.
Discussion about this post