ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺ കാരണം അടച്ചിട്ട സ്വകാര്യ സ്കൂളുകൾ കുട്ടികൾക്ക് നൽകാതിരുന്ന സേവനങ്ങളുടെ പേരിൽ ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. അങ്ങനെ ചെയ്യുന്നത് ലാഭമുണ്ടാക്കലും വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്തവണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.
സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവുനൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി.
അടച്ചിടൽകാലത്ത് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവുംമാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജിയിലാണ് സുപ്രീംകോടതി വിധി. അടച്ചിടൽ സമയത്ത് ക്ലാസുകൾ ഓൺലൈനായതിനാൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി.
ഇക്കാരണത്താൽ തന്നെ ഫീസിൽ അത്രയെങ്കിലും കുറവുവരുത്താൻ സ്കൂളുകൾ തയ്യാറാവണം. സേവനത്തിന് കണക്കാക്കിമാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടിഎംഎ പൈ, പിഎ ഇനാംദാർ കേസുകളിൽ സുപ്രീംകോടതി വിധിച്ചകാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി.
Discussion about this post