മുംബൈ : അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്‌ളോഗനുകള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ നാന്ദേഡ് ജില്ലയിലെ മുപ്പതിലധികം കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിച്ചു.
റോഹി പിംമ്പല്‍ഗാവോ ഗ്രാമത്തില്‍ ഏപ്രില്‍ 25ന് നടന്ന അംബേദ്കര്‍ ജയന്തി ആഘോഷത്തിനിടെ ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം. എല്ലാ വര്‍ഷവും നടക്കാറുള്ള അംബേദ്കര്‍ ജയന്തി ആഘോഷത്തിനായി ദളിത് യുവാക്കളുടെ സംഘം കൂടിച്ചേര്‍ന്നിരുന്നു.ആളുകള്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് ബുദ്ധമതവിശ്വാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അംബേദ്കറെ അനുകൂലിച്ചുകൊണ്ടുള്ള സ്‌ളോഗനുകള്‍ ഉയര്‍ത്തുകയും ഇതില്‍ രോക്ഷാകുലരായ മറാഠികള്‍ മുപ്പതോളം പേരടങ്ങുന്ന സംഘം ഏപ്രില്‍ 27ന് ദളിത് സമൂഹത്തില്‍ പെട്ട പതിനെട്ട് വയസുകാരനെയും മധ്യവയസ്‌കനെയും ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു.ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതില്‍ രോക്ഷാകുലരായ ഇവര്‍ പ്രതികാരമെന്നോണം ഗ്രാമത്തിലെ ദളിതര്‍ക്കും മുപ്പതോളം ബുദ്ധകുടുംബങ്ങള്‍ക്കും ബഹിഷ്‌കരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഏകദേശം 400ഓളം മറാത്താ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മാര്‍ക്കറ്റുകള്‍,മരുന്നുകടകള്‍,പലചരക്ക് കടകള്‍ എന്നിവിടങ്ങളിലൊന്നും തന്നെ ഒരാഴ്ചയോളം ഇവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല.പ്രദേശത്തെ ചില സന്നദ്ധ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്ക് ശേഷമെങ്കിലും വിലക്ക് നീക്കാനായത്.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്ന് പരാതിക്കാരനായ കരണ്‍ കേള്‍ക്കര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഭീം ആര്‍മിയുടെ സ്വാധീനം മൂലമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സമൂഹത്തില്‍ ഇപ്പോഴും അംബേദ്കറിനുള്ള സ്വാധീനം മറാത്തികള്‍ക്ക് അസഹനീയമായ തിരിച്ചറിവാണെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.
പലചരക്ക്,പാല്‍,പച്ചക്കറി എന്നിവയ്ക്ക് പുറമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള വിറക് പോലും വാങ്ങാനാവാത്ത സ്ഥിതി ആണുണ്ടായിരുന്നതെന്ന് ഭീം ആര്‍മി നേതാവ് രാഹുല്‍ പ്രധാന്‍ പറഞ്ഞു. കോവിഡ് രൂക്ഷമായിരുക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ലെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കോവിഡ് കാലമായതിനാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക മാത്രമാണുണ്ടായതെന്നാണ് നാന്ദേഡ് പൊലീസ് സൂപ്രണ്ട് പ്രമോദ്കുമാര്‍ ഷെവാലേ പറയുന്നത്.ഭുരിഭാഗം കടകളും ലോ്ക്ഡൗണ്‍ മൂലം അടഞ്ഞുകിടക്കുകയായിരുന്നു എന്നും അതാണ് ബഹിഷ്‌കരണം ആയി തെറ്റിദ്ധരിക്കപ്പെട്ടതെന്നുമാണ് പൊലീസിന്റെ വാദം.
രോഹി പിംപാല്‍ഗാവോണ്‍ ഗ്രാമത്തില്‍ നാനൂറോളം മറാത്താ കുടുംബങ്ങളുണ്ട്. മുപ്പതോളം ബുദ്ധ കുടുംബങ്ങളും ദളിതരും മറ്റ് താഴ്ന്ന ജാതിക്കാരും അടങ്ങുന്നതാണ് ഇവിടുത്തെ ജനസംഖ്യ. ഭരണകൂടവും,പഞ്ചായത്തും മറ്റെല്ലാ പൊതുസ്ഥലങ്ങളും മറാത്തികളുടെ അധീനതയിലാണ്. ഇവിടെ താഴ്ന്ന ജാതിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമല്ല. 2001ല്‍ സമാന രീതിയില്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാസങ്ങളോളം നീണ്ട ആ വിലക്ക് ഉന്നത ഇടപെടലുകളെത്തുടര്‍ന്നാണ് നീക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ കേസുകള്‍ ഒന്നും തന്നെ ആര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് വരെയും നടപടികളൊന്നും എടുത്തിട്ടില്ല.