ഹൈദരബാദ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ മൃഗങ്ങള്‍ക്കും രോഗം ബാധിക്കുന്നു. ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് ആണ്‍സിംഹങ്ങളും നാല് പെണ് സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ ഭക്ഷണം കഴിക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം മൃഗങ്ങള്‍ക്ക് കൊവിഡ് ബാധ സംബന്ധിച്ച് മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്കാനിന് വിധേയമാക്കും.
380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്.
Discussion about this post