മുംബൈ: അധ്യാപകന്റെ സേവനം നിര്‍ത്തിവെച്ച് കൊവിഡ് രോഗികള്‍ക്കായി ഓട്ടോ ഡ്രൈവറായി സേവനം അനുഷ്ഠിച്ച് മാതൃകയായി ദത്താത്രയ സാവന്ത്. സ്വന്തം ഓട്ടോറിക്ഷയാണ്, ചെറിയ ആംബുലന്‍സായി മാറ്റി കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചും മറ്റ് തയ്യാറെടുപ്പുകളും നടത്തിയാണ് ഓട്ടോറിക്ഷയില്‍ അദ്ദേഹം രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്.
മഹാമാരിയുടെ രണ്ടാം തരംഗം മുംബൈയ്ക്ക് വലിയ വെല്ലുവിളിയായി നിലനില്‍ക്കവെയാണ്, ആംബുലന്‍സുകള്‍ കിട്ടാതെ രോഗികള്‍ വലയുന്ന രോഗികള്‍ക്കായി അദ്ദേഹം സ്വന്തം ജീവന്‍ പോലും മറന്ന് ഓട്ടോയുമായി നിരത്തിലേയ്ക്ക് ഇറങ്ങിയത്. ഘാട്ട്‌കോപ്പറിലാണ് അദ്ദേഹത്തിന്റെ താമസം. ജ്ഞാനേശ്വര്‍ വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. സ്‌കൂള്‍ അടച്ചിരിക്കുകയാണ്. ഇതോടെയാണ് രോഗികള്‍ക്കായി രംഗത്ത് വന്നത്.
കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുന്നത് സൗജന്യമായിട്ടാണ്. ആശുപത്രികളില്‍നിന്നും കോവിഡ് സെന്ററുകളില്‍നിന്നും രോഗമുക്തിക്കു ശേഷം വിടുതല്‍ ലഭിക്കുന്നവരെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇതുവരെ നൂറോളം രോഗികളെ ഓട്ടോയില്‍ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്.