അഗര്‍ത്തല: കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹച്ചടങ്ങുകള്‍ പാതി വഴിക്ക് വെച്ച് നിര്‍ത്തി വെപ്പിച്ച് നടപടിയെടുത്ത ജില്ലാ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാര്‍ ജാദവിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടി കൈകൊണ്ടിരിക്കുന്നത്. അര്‍ധരാത്രി വരെ നീണ്ട വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിക്കുന്ന ശൈലേഷ് കുമാര്‍ ജാദവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് നടപടി.
നേരത്തെ ഇത് സംബന്ധിച്ച വിശദീകരണവുമായി പ്രത്യേക സമിതിക്ക് മുന്‍പാകെ ഇദ്ദേഹം ഹാജരായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നിര്‍ദ്ദേശമനുസരിച്ച് മുതിര്‍ന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയാണ് സംഭവം പരിഗണിച്ചത്. അന്ന് രാത്രി നടന്ന സംഭവങ്ങളില്‍ തെറ്റായൊന്നും നടന്നിട്ടില്ലെന്നും നിയമം പ്രാവര്‍ത്തികമാക്കുകയെന്നത് തന്റെ ചുമതലയാണെന്നും ശൈലേഷ് കുമാര്‍ ജാദവ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു.
കൊവിഡ് പടരാതിരിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു നടപടി കൈകൊണ്ടതെന്നും ശൈലേഷ് അറിയിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ത്രിപുരയിലെ അഞ്ച് എംഎല്‍എമാരാണ് ശൈലേഷ് കുമാര്‍ ജാദവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ടിഐപിആര്‍എയുടെ ഉടമസ്ഥതയിലുള്ള അഗര്‍ത്തലയിലെ വേദിയില്‍ വച്ചായിരുന്നു വിവാഹം. ശേഷമാണ് ആള്‍ക്കൂട്ടത്തെ തുടര്‍ന്ന് ശൈലേഷ് നടപടിയെടുത്തത്.
ചടങ്ങുകള്‍ നടത്താനുള്ള അനുമതി ഉണ്ടെന്ന് വീട്ടുകാര്‍ ശൈലേഷ് കുമാര്‍ ജാദവിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അനുമതിപത്രം ജില്ലാ മജിസ്‌ട്രേറ്റ് കീറി എറിയുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.