കൊല്‍ക്കത്ത: ബിജെപിയ്ക്കെതിരെ നേര്‍ക്ക് നേര് പൊരുതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം. നായികയും തേരാളിയും പടയാളിയുമായി മമത നേടിയതാണ് തൃണമൂലിന്റെ വിജയം.
പക്ഷേ ഉള്‍വലികള്‍ നന്ദിഗ്രാമില്‍ മമതയെ തകര്‍ത്തു. പാര്‍ട്ടി മികച്ച വിജയം നേടി നില്‍ക്കുമ്പോഴും മമതയ്ക്ക് ആ തിളക്കമില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. 1622 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. 294ല്‍ 212 ഇടത്തും തൃണമൂല്‍ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ 2016-ലെ വിജയം ആവര്‍ത്തിക്കുകയാണ് മമത.
ജയത്തില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കാത്ത യുദ്ധമായിരുന്നു ബംഗാളില്‍ ഇക്കുറി അരങ്ങേറിയത്. മമത ബാനര്‍ജിക്കത് അധികാരത്തിലേക്കുള്ള മൂന്നാം വരവിനായുള്ള പോരാട്ടമായിരുന്നെങ്കില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തിനായി 2014 മുതല്‍ ആരംഭിച്ച തയ്യാറെടുപ്പുകളുടെ പരിസമാപ്തിയായിരുന്നു ബിജെപിക്ക് അത്. ബംഗാളിന്റെ മണ്ണില്‍ ശേഷിക്കുന്ന സ്വന്തം ഇടം വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമായിരുന്നു കോണ്‍ഗ്രസിന്റെ കൈകള്‍ പിടിച്ച് ഇടതുപാര്‍ട്ടികള്‍ നടത്തിയത്. എന്നാല്‍ ചരിത്രം ഇക്കുറിയും മമതയ്ക്കൊപ്പം നിന്നു.
കഴിഞ്ഞ ഡിസംബറില്‍ ബിജെപിയിലെത്തിയ സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ പല നേതാക്കളെയും പിന്നീട് ആ പാര്‍ട്ടിയിലെത്തിച്ചു. ഇതോടെയാണ് സുവേന്ദുവിനെതിരെ നേരിട്ട് പോരാടി വിജയിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ഭാവാനിപുര്‍ മണ്ഡലം ഉപേക്ഷിച്ചാണ് അവര്‍ ഇത്തവണ നന്ദിഗ്രാമില്‍ പോരാട്ടത്തിന് ഇറങ്ങിയത്. നന്ദിഗ്രാമിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവര്‍ പ്രചാരണത്തിനിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2011 ല്‍ മമതയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മണ്ഡലമാണ് നന്ദിഗ്രാം. മമതയ്ക്കൊപ്പം നിന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്തി അവിടെനിന്ന് വിജയിച്ച സുവേന്ദുവിന്റെ അധികാരി കുടുംബം പിന്നീട് നന്ദിഗ്രാമിലുള്ള സ്വാധീനം വര്‍ധിപ്പിച്ചു. അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു നന്ദിഗ്രാമിന് പുറത്തുള്ള വ്യക്തിയാണ് മമത എന്നുപറഞ്ഞായിരുന്നു പ്രചാരണം നടത്തിയത്.
Discussion about this post