കൊല്‍ക്കത്ത: കള്ളന് കപ്പലില്‍ തന്നെ, എസ്ബിഐയില്‍ നിന്നും 84 ലക്ഷം രൂപയുടെ നാണയത്തുട്ടുകള്‍ മോഷ്ടിച്ച മാനേജര്‍ അറസ്റ്റില്‍. ബംഗാളിലെ എസ്ബിഐ മെമാരി ശാഖയിലെ സീനിയര്‍ അസിസ്റ്റന്റ് മാനേജറായ തരക് ജയ്സ്വാളിനെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഓഡിറ്റിങിനിടെയാണ് വന്‍ കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. 17 മാസത്തിനുള്ളിലാണ് ഇദ്ദേഹം 84 ലക്ഷം രൂപയുടെ നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്.
അസിസ്റ്റന്റ് മാനേജറായ ജയ്സ്വാളിനായിരുന്നു എസ്ബിഐ മെമാരി ശാഖയിലെ കറന്‍സി-നാണയ ശേഖരത്തിന്റെ ചുമതല. ബാങ്കിലെ കറന്‍സികളും നാണയങ്ങളും എണ്ണിതിട്ടപ്പെടുത്തി സൂക്ഷിക്കുന്നതും ഇയാളായിരുന്നു. എന്നാല്‍ കഴിഞ്ഞ 17 മാസത്തിനിടെ ദിവസവും നിശ്ചിത തുകയുടെ നാണയങ്ങള്‍ ജയ്സ്വാള്‍ മോഷ്ടിക്കുകയും ഇതുപയോഗിച്ച് ദിവസവും ലോട്ടറി ടിക്കറ്റ് വാങ്ങിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മാസം 27 മുതലാണ് ബാങ്കില്‍ ഓഡിറ്റിങ് ആരംഭിച്ചത്. ബാങ്കിലെ കറന്‍സി-നാണയ ശേഖരത്തില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടത് ഉന്നത ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് ജയ്സ്വാളിനോട് ബാങ്കിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഭാര്യയുടെ കൈവശം ലോക്കറിന്റെ താക്കോല്‍ കൊടുത്തയക്കുകയായിരുന്നു.
ഇതോടെയാണ് ഏവരെയും ഞെട്ടിച്ച മോഷണത്തിന്റെ ചുരുളഴിയുന്നത്. ബാങ്കിലെ രേഖകളും നാണയശേഖരവും പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് വലിയ തുകയുടെ നാണയങ്ങള്‍ ലോക്കറില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതിനിടെ, പിടിയിലായ തരക് ജയ്സ്വാള്‍ താന്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. ലോട്ടറി ടിക്കറ്റ് എടുക്കാനാണ് ദിവസവും നാണയങ്ങള്‍ മോഷ്ടിച്ചതെന്നും, എന്നെങ്കിലും പിടിക്കപ്പെടുമെന്ന് തനിക്കറിയാമായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു.
അതേസമയം, ഇത്രയധികം തുക ബാങ്കില്‍തന്നെ സൂക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. വലിയ തുക മൂല്യംവരുന്ന നാണയങ്ങളുണ്ടെങ്കില്‍ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്കോ റിസര്‍വ് ബാങ്കിലേക്കോ അയക്കാറാണ് പതിവ്.
എന്നാല്‍ മെമാരി ശാഖയില്‍നിന്ന് ഇവിടങ്ങളിലേക്ക് പണമൊന്നും അയച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചും ജയ്സ്വാള്‍ എങ്ങനെ പണം ബാങ്കിന് പുറത്തേക്ക് കടത്തിയെന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post