തെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് അതിര്‍ത്തിയും; അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് പെട്ടി തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി, ആകാംക്ഷയോടെ മുന്നണികളും ഉറ്റുനോക്കുന്നത് പശ്ചിമബംഗാള്‍

Election Result | Bignewslive

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. നിമിഷങ്ങള്‍ മാത്രമാണ് ഇനി വോട്ട് പെട്ടി തുറക്കാനുള്ളത്. കേരളത്തിന് പുറമേ ഇന്ന്, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെയുമാണ് ഫലം പുറത്തുവരുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികളും. ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ, വിവിധ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇത്തവണ പ്രാധാന്യമുണ്ട്. എന്നാല്‍, എല്ലാത്തിനും പുറമെ, കേകന്ദ്രസര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ഉറ്റുനോക്കുന്നത് പശ്ചിമബംഗാള്‍ ആണ്.

292 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വീറും വാശിയും ജനങ്ങളെ ഇത്തവണയും സ്വാധീനിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ടെങ്കിലും വലിയ രീതിയില്‍ പ്രചരണം നടത്തി ജനങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. അതിനാല്‍ വിജയപ്രതീക്ഷയും മുന്നണി കൈവിട്ടിട്ടില്ല.

ജയിക്കാനായാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ വരെ അത് സ്വാധീനിക്കുമെന്നതും നിലവിലെ വിവിധ രാഷ്ടീയ ആരോപണങ്ങളില്‍ നിന്ന് വഴിമാറ്റി കൂടുതല്‍ ആത്മവിശ്വാസം സര്‍ക്കാരിന് ലഭിക്കുമെന്നതും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.

234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. കൊങ്കുനാട്ടിലൊഴികെ, വടക്ക് തെക്ക് മധ്യ കാവേരി മേഖലകള്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് തേൃത്വം വിലയിരുത്തുന്നത്. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെയും അണ്ണാഡിഎംകെയുടേയും പതനം ഒരുമിച്ചാകുമെന്നും ഡിഎംകെ അവകാശപ്പെടുന്നുണ്ട്.

അതേസമയം, ആസാമില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നതാണ് പ്രധാനപ്പെട്ട എക്‌സിറ്റ് പോളുകളുടെയെല്ലാം പ്രവചനം. 126 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല. ബിജെപിക്ക് തുടര്‍ ഭരണം ഉണ്ടായാല്‍ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കോണ്‍ഗ്രസ് ഇതര പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നവെന്ന പ്രത്യേകത കൂടിയാണ് ആസാമിനുള്ളത്.

പുതുച്ചേരിയിലെ മുപ്പത് സീറ്റുകളികളില്‍ ആരൊക്കെ വിജയിക്കുമെന്നും ഇന്നത്തെ ഫലങ്ങളില്‍ അറിയാം. അതേസമയം, എന്‍ഡിഎ അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

Exit mobile version