ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടുലക്ഷത്തിലധികം ഡോസ് കോവാക്സിന്
അടങ്ങിയ ട്രക്ക് ഉപേക്ഷിച്ച നിലയില്‍. നാര്‍സിങ്പൂരിലെ കരേലി ബസ്റ്റാന്റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്ന വാക്സിനാണ് ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഏറെ സമയമായി പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വാഹനത്തിനടുത്ത് ഡ്രൈവറെയോ മറ്റ് സഹായികളെയോ കാണാതായതിനെ തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 2,40,000 ഡോസ് കോവാക്സിന് ട്രക്കില്‍ നിന്ന് കണ്ടെത്തി.
എന്നാല്‍ ട്രക്ക് ഡ്രൈവറേയോ സഹായിയോ കണ്ടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവറുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് ദേശീയപാതയോരത്തിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്തി.
ട്രക്കിനുള്ളിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നതിനാല്‍ വാക്സിനുകള്‍ സുരക്ഷിതമാണെന്നാണ് പൊലീസിന്റെ നിഗമനം.
ഡ്രൈവര്‍ക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അവരെ കണ്ടെത്താനായില്ലെന്നുമാണ് കരേലി പോലീസ് സ്റ്റേഷനിലെ എസ്ഐ ആശിഷ് ബോപാച്ചെ വ്യക്തമാക്കുന്നത്.
രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായുള്ള വാക്സിന് വിതരണം ഇന്ന് ആരംഭിക്കുകയാണ്. ഇതിനിടെ ആവശ്യത്തിന് വാക്സിന് ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്സിന് വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചിരിക്കെയാണ് മധ്യപ്രദേശില്‍ വാക്സിന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.
Discussion about this post