ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് V വാക്സിന് സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വാക്സിന്റെ 1,50,000 ഡോസുകളുടെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ മാസം രാജ്യത്ത് എത്തിച്ചേരും.
വാക്സിന്റെ ആദ്യ ബാച്ചുമായി വിമാനം മോസ്കോയില്‍ നിന്ന് പുറപ്പെട്ടതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്പൂട്നിക് V നിര്‍മ്മിക്കുന്നതിനായി റഷ്യയില്‍ നേരിട്ടുള്ള നിക്ഷേപ ഫണ്ടുമായി കൈകോര്‍ത്ത ഡോ. റെഡ്ഡീസ് ലബോറട്ടറകളിലേക്കാണ് വാക്സിനുകള്‍ എത്തിക്കുക.
കോവിഡ് വൈറസിനെതിരെ സ്പൂട്നിക് വാക്സിന് ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്സിന് സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിന് വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.
പ്രതിവര്‍ഷം 850 ദശലക്ഷത്തിലധികം ഡോസുകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഗ്ലാന്റ് ഫാര്‍മ, ഹെറ്റെറോ ബയോഫാര്‍മ, പനേഷ്യ ബയോടെക്, സ്റ്റെലിസ് ബയോഫാര്‍മ, വിര്‍ചോ ബയോടെക് എന്നിവയുമായി ആര്‍ഡിഎഫ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്, ഓക്സ്ഫോഡ്-അസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് എന്നിവയാണ് വാക്സിനേഷന് ഡ്രൈവില്‍ ഉപയോഗിക്കുന്നത്.
അതേസമയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്സിന് ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ അധികമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയടക്കം 15,33,56,503 ഡോസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post