ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കേണ്ടത് സര്‍ക്കാറാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കോടതി പറഞ്ഞു. വാക്കുകളിലൂടെയല്ല, ഫലപ്രദമായ പദ്ധതികളിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
രാജ്യത്ത് എത്ര ഐസിയു കിടക്കകള്‍ ലഭ്യമാണെന്നും അവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.
‘ആരോഗ്യപ്രവര്‍ത്തകരെല്ലാം നിര്‍ണായകമായ ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. അവരെ കോവിഡ് പോരാളികള്‍ എന്ന് പറഞ്ഞ് വെറുതെ കൈവിടാന്‍ കഴിയില്ല. നഴ്സുമാര്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അവരോട് തങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്നും’ കോടതി പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷം, ഹോട്ടല്‍ താമസം, ഭക്ഷണം മുതലായവ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. എന്തുകൊണ്ട് ഈ വര്‍ഷം അത് പാലിക്കുന്നില്ല? ഡോക്ടര്‍മാര്‍ 14 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞു. ഇപ്പോള്‍ അത് 11 ദിവസമാക്കുന്നു. എന്തിനാണ് അവരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുന്നത്?’, കോടതി ചോദിച്ചു.
Discussion about this post