ബംഗളൂരു: കോവിഡ് മഹാമാരി അനവധി ജീവനുകളെ കവരുന്നതിനൊപ്പം തകർക്കുന്നത് ഒരുപാട് പേരുടെ സ്വപ്‌നങ്ങളും. ഉറ്റവരുടെ വിയോഗത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്നവരുടെ ഭൂമിയായി മാറിയിരിക്കുകയാണ് രാജ്യം. കോവിഡിന്റെ ക്രൂരതയ്ക്കിടയിൽ നോവുന്ന ഓർമ്മയായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ ജീവിതവും.
വിവാഹം നടക്കേണ്ടിയിരുന്ന ദിവസം പൃഥ്വിരാജിന്റെ അന്ത്യകർമ്മങ്ങൾ നടത്തേണ്ടി വന്ന ഞെട്ടലിലാണ് ഈ യുവാവിന്റെ ബന്ധുക്കൾ. 32 കാരനായ പൃഥ്വിരാജിന്റെ ജീവൻ കോവിഡ് കവർന്നതോടെ മുമ്പ് നിശ്ചയിച്ച വിവാഹ ദിവസത്തിൽ സംസ്‌കാരം നടത്താനായിരുന്നു വിധി.
ചിക്കമംഗളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് ബാധിതനായി ആരോഗ്യസ്ഥിതി വഷളായ യുവാവിനെ മക്ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.
ബുധനാഴ്ചയോടെ യുവാവ് മരണത്തിന് കീഴടങ്ങി. പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒടുവിൽ വിവാഹം നടക്കേണ്ടിയിരുന്ന വ്യാഴാഴ്ച വീട്ടിൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നു.