ചെന്നൈ: ദുരിതകാലത്ത് നന്മ പ്രവര്‍ത്തിയിലൂടെ മാതൃകയായി ഗുമ്മിഡിപ്പൂണ്ടിയില് ഭാരത് ഓക്സിജന്‍ എന്ന കമ്പനി നടത്തുന്ന ജെ. ക്ലമന്റ്. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രാണവായുവിനായി അലയുന്ന രോഗികള്‍ക്ക് സൗജന്യമായി ഓക്സിജന്‍ നല്‍കിയാണ് മാതൃകയാകുന്നത്. മൂന്നു പതിറ്റാണ്ടോളമായി ഓക്സിജന്‍ നിര്‍മാണ രംഗത്തുള്ള ക്ലമന്റ് നേരത്തെ പാവപ്പെട്ട രോഗികള്‍ക്കു വീടുവച്ചു നല്കി രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തമുഖത്ത് വീണ്ടും മതൃകയായി ക്ലമന്റ് നില്‍ക്കുന്നത്.
ഗുമ്മിഡിപ്പൂണ്ടിയിലും പരിസരങ്ങളിലുമായി ഇതിനകം 26 വീടുകളാണു ക്ലമന്റ് പാവങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയത്. 80 ജീവനക്കാരുള്ള ഭാരത് ഓക്സിജന്‍ കമ്പനിയില്‍ സാധാരണ 2000 സിലിണ്ടറുകളാണു ഓക്സിജന്‍ നിറയ്ക്കുന്നത്. ഇതില്‍ 70% വ്യവസായ ആവശ്യത്തിനും 30% മെഡിക്കല്‍ ആവശ്യത്തിനുമാണു ഉപയോഗിക്കുന്നത്. എന്നാല്‍, കോവിഡ് രൂക്ഷമായതോടെ വ്യവസായ ആവശ്യത്തിനു ഓക്സിജന്‍ ഉല്പാദനം സര്‍ക്കാര്‍ തടയുകയായിരുന്നു.
ഇപ്പോള്‍ 1000 സിലിണ്ടറുകള്‍ വരെയാണു നിറയ്ക്കുന്നതെന്നു ക്ലമന്റ് പറയുന്നു. ബി, ഡി തുടങ്ങി2 ടൈപ്പ് സിലിണ്ടറുകളാണുള്ളത്. ബി ടൈപ്പ് സിലിണ്ടറിനു 6000 രൂപ മുതലും ഡി ടൈപ്പിനു 15000 രൂപ മുതലുമാണു വില. ബി ടൈപ്പ് സിലിണ്ടര്‍ നിറയ്ക്കാന്‍ 75 രൂപയും ഡി ടൈപ്പിനു 175 രൂപയുമാണു നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജന്‍ നിറയ്ക്കാനായി പലരും സമീപിക്കുന്നുണ്ട്. അതില്‍ പാവപ്പെട്ട രോഗികള്‍ക്കാണ് സൗജന്യമായി ഓക്സിജന്‍ നിറച്ചു കൊടുക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നല്കുന്ന ചില ആശുപത്രികള്‍ക്കും സൗജന്യമായി സിലിണ്ടര്‍ നിറച്ചു നല്‍കുന്നുണ്ട്.
Discussion about this post