ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ആവശ്യമായ കോവിഡ് വാക്സിൻ ഉടൻ നൽകാനാവില്ലെന്ന് വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സിനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണമെന്നും വാക്സിൻ ഉത്പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് വാക്സിൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. വാക്സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവർക്ക് വാക്സിനേഷനിൽ നൽകുന്ന നടപടിയിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ മേയ് 1 ന് തന്നെ ആരംഭിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. വാക്സിൻ ക്ഷാമമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
കർണാടകത്തിലും നാളെ മുതൽ 18 നു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇല്ല. ഓർഡർ ചെയ്ത വാക്സിൻ എത്താത്തതിനാലാണ് ഇത്. ആന്ധ്ര പ്രദേശ് സെപ്റ്റംബറിൽ മാത്രമേ 18 നു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ തുടങ്ങാനാകൂവെന്ന് അറിയിച്ചിരുന്നു.
അതേസമയം, 45 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് കേരള സർക്കാരും നിലപാടെടുത്തിട്ടുണ്ട്. അങ്ങനെയെങ്കിൽ രാജ്യത്തെ യുവാക്കൾക്ക് വാക്സിൻ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.