വാക്‌സിൻ ക്ഷാമം രൂക്ഷം; യുവാക്കൾക്ക് വാക്‌സിൻ ഉടൻ നൽകാനാവില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

covid vaccine 1

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്നുമുതൽ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. പുതിയ ഘട്ടം ഉടനെ തുടങ്ങാനാവില്ലെന്നും യുവാക്കളിൽ വാക്‌സിനേഷൻ വൈകുമെന്നും മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു.

നേരത്തെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ 18-45 വയസ് വരെയുള്ളവർക്ക് നിലവിലെ സാഹചര്യത്തിൽ വാക്‌സിനേഷൻ മേയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്‌സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും രംഗത്തെത്തിയത്.

അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളം നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്‌സിൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ മേയ് 1 മുതൽ നൽകിത്തുടങ്ങുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്‌സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനങ്ങൾ വാക്‌സീനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നതും.

Exit mobile version