ന്യൂഡൽഹി: വീണ്ടും രാജ്യത്തെ കണ്ണീരിലാഴ്ത്തി ഡൽഹിയിൽ നിന്നും ദാരുണവാർത്ത. കൃത്യമായ ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ കിടക്കയ്ക്ക് വേണ്ടി കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന അദ്ദേഹത്തിനെ മരണത്തിലേക്ക് തള്ളി വിടേണ്ടി വന്നിരിക്കുകയാണ് ബന്ധുക്കൾക്ക്.
കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്. ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട് അമ്രോഹി.
കഴിഞ്ഞയാഴ്ചയാണ് അമ്രോഹി രോഗബാധിതനായത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ യാമിനി പറയുന്നു. സ്ഥിതി വഷളായതോടെ, കിടക്ക ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തിയത്. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മകൻ ക്യൂവിൽ നിന്നെങ്കിലും നടപടികൾ വൈകിയതോടെ ആശുപത്രി അധികൃതരുടെ കാലുപിടിച്ച് അപേക്ഷിച്ചു. എന്നിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിക്കുന്നു.
ഈ സമയമെല്ലാം കാറിലിൽ അവശനിലയിൽ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്ക്കെപ്പോഴോ ഓക്സിജൻ സിലിണ്ടർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്ക് വലിച്ചെറിഞ്ഞു. സംസാര തടസവുമുണ്ടായി. അർധരാത്രിയോടെ കാറിനുള്ളിൽ തന്നെ മരിച്ചതായും യാമിനി പറഞ്ഞു.
Discussion about this post